നിലാവ് കായ്ക്കും ഷജറിന്റെ നനഞ്ഞ കൊമ്പിൽ
നിലാവ് കായ്ക്കും ഷജറിന്റെ നനഞ്ഞ കൊമ്പിൽ
ഷിമാല്ന്നൊരു കാറ്റ് വന്ന് ഇലകൾ തൊട്ടു
കാറ്റിന്റെ ചിറകേറി ഇരുൾ മുകില്
നിലാവിന്റെ ചില്ലയിൽ കൂട് കൂട്ടി
ഇരുൾചാറി ചില്ലേന്ന് ഇലയിലേക്ക്
തളിരിലേക്ക് ഊർന്ന് വേരിലേക്ക്
മണ്ണിലേക്ക് മണ്ണിൻ റൂഹിലേക്ക്
കാടാകെ മലയാകെ പടർന്ന് കേറി
കണ്ണിൽ ഇരുളിന്റെ കരട് കേറി
തളിരുകൾ പലമാത്ര ചിമ്മി നോക്കി
തളിരുകൾ വ്യഥ ചൊല്ലി കൊമ്പ് തപ്പീ
ഇത്രമേൽ രാവിന് ദൈര്‍ഘ്യമെന്തേ ?
തളിരോട് കരിയില അടക്കം ചൊല്ലീ
ഇത്പോലെ ഇരുൾ മുമ്പ് കണ്ടതില്ല
ഇടവം തെറ്റി മഴക്കോല് വീണു
മാമരക്കാലിന്ന് മണ്ണൊലിച്ചു
കാറ്റിൽ മാമരം ചാഞ്ഞുലഞ്ഞു
കാടോളം കരിയില പെയ്തു വീണു
വീഴുമ്പോ കരിയില വസിയ്യത്തോതീ
സ്വബ്‌ർ തെല്ലും ചോരാതെ കാത്തിരിക്കൂ
ഈ കാണും ഇരുളിലും ഹിക്മതുണ്ട്
ഗൈബറിയുന്നോന്റെ ഹിക്മതുണ്ട്
വേനലും വർഷവും ശൈത്യവും വന്ന് പോയി
ഋതുഭേദം ഇരുളില് ആര് കണ്ടു
നിലാവിനെ കാണാതെ നോമ്പ് നോറ്റങ്ങനെ
പൊയ്കയിൽ ആമ്പല് കാത്ത് നിന്നു
മൂകമാം കാനനം അഴൽ വീണ് ചായുമ്പോ
അകലേന്ന് രാകുയിൽ പാറി വന്നു
ഷഹജറിന്റെ കൊമ്പില് ഇടറാതെ രാകുയിൽ
അയ്യൂബ് നബിയുടെ കഥ പറഞ്ഞു
കുയിലോട് മാമരം കാതോർത്തിരുന്നപ്പോ
ഇല തന്റെ മർമരം അടക്കി വെച്ചു
അയ്യൂബ് നബിയോരെ സ്വബ്റിന്റെ പരകോടി
കഥകേട്ട് ഇല തോനെ മരം നനച്ചു
രാക്കൂന്തൽ ഇഴ നെയ്ത ഇരുള് കീറി
ഇളകുന്നതില കണ്ടു നുറുങ്ങ് വെട്ടം
തേനുണ്ണാൻ പൂത്തേടി ചൂട്ട് വീശി
ഇരുൾ നീന്തി മിന്നാമിനുങ്ങ് വന്നു
മിന്നാമിനുങ്ങിന്റെ ചൂട്ട് കണ്ട്
ഷജർ ചാഞ്ഞ് ചോദിച്ചു സൂത്രമെന്തേ
ഖൽബില് ഇഖ്‌ലാസിന് കനല് വേണം
അത് കോരി ഈമാനിൽ ഉരസേണം
ഉരയുമ്പോ അതിൽ നൂറ് കത്തീടും
ചിരകാലം ചൂട്ടായി മിന്നീടും
ഇത് കേട്ട് ഷജർ ഖൽബ് തിരയുന്നു
തരിപോലും കണ്ടീല ഇഖ്‌ലാസ്
ചിതലെന്നോ അത് കട്ട് തിന്നീനിം
ഷജർ പോലും അറിയാതെ തീർന്നീനിം
ഇരുളാർന്ന മേഘങ്ങൾ അരികുകളിൽ
വെള്ളിക്കസവാരോ തുന്നിയേനിം
മുകിലിന്റെ വെള്ളിവരകൾ കണ്ട്
കാലങ്ങൾക്കിപ്പുറം കാട് പൂത്തു
മണ്ണിൽ അലിഞ്ഞ ഇലകളെല്ലാം
പിന്നെയും തളിരിട്ടു കാട് പൂത്തു
Post a Comment